Thursday, August 17, 2006

“ആ മഴനാളില്‍..”

കൊച്ചിയിലാണ്
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ.... അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗവീനിലയമല്ല.എങ്കിലും താരതമ്മ്യാന പഴക്കമുള്ള പഴമയുടെ ഗന്ധം സ്പുരിക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍
പുറത്ത് കോരിച്ചോരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിംങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം മഴയുടെ ആലസ്യത്തില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ...
ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു...
ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു....
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഔരു അലര്‍ച്ച...ഞെട്ടി പിടഞ്ഞ് സ്വിച്ചിടുമ്പോള്‍..കറണ്ടില്ല...എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം...ഇടക്ക് ജയകുമാറിന്റെ അലറി വിളിക്കലും...
വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട് വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു...
അവന് നാക്കു വഴങ്ങുന്നില്ല....
കൈയുക്കും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..”
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
രാവിലെ എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ ദിവസം എന്താണ് സംഭവിച്ചത്.

12 comments:

Sreejith K. said...

അഞ്ചല്‍ക്കാരാ, താങ്കള്‍ക്ക് ഉറക്കത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്ന എന്തോ മാരക രോഗമാണെന്നാണ് തോന്നുന്നത്. ജയകുമാറിന് അത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്ക് ;)

തമാശ പറഞ്ഞതാണ് കേട്ടോ. ഒന്നും തോന്നരുത്. വെറുതേ മനുഷ്യനെ പേടിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുകയാണല്ലേ.

Mubarak Merchant said...

അടച്ചിട്ട മുറിക്കുള്ളില്‍ ഒരു പൂച്ച ഉണ്ടായിരുന്നിരിക്കണം, അതു തന്നെ.
തമ്മനത്തുള്ള പഴയ വീടായിരുന്നത്കൊണ്ട് മരപ്പട്ടി, കുട്ടിത്തേവാങ്ക് (പൂച്ച വര്‍ഗ്ഗത്തില്‍പ്പെടുന്ന മൃഗം) ഇവയില്‍ ഏതെങ്കിലുമാകാനും സാദ്ധ്യതയുണ്ട്.

സഞ്ചാരി said...

അത് ഞാനായിരുന്നു വെറുതെ നിങ്ങളെ പേടിപ്പിക്കാന്‍ വന്നതായിരുന്നു കളികാര്യയമായപ്പോള്‍ ഞാന്‍ മുങ്ങി.
ശവപ്പറന്‍പിന്റെ അടുത്ത് ഒറ്റയ്ക്കു താമസിക്കുന്ന എന്നെ പേട്പ്പിക്കല്ലെ.

അഞ്ചല്‍ക്കാരന്‍ said...

അക്കാലത്ത് ഈ അനുഭവം കേട്ടവരില്‍ ബഹുഭൂരിപക്ഷവും പറഞ്ഞത് ശ്രീജിത്തിന്റെ അഭിപ്രായം തന്നെ. തെറ്റ് പറഞ്ഞു കൂടാ. അങ്ങിനേം ചിന്തിക്കാം.
മറ്റഭിപ്രായങ്ങള്‍:
1. ഇക്കാസ് പറഞ്ഞത് പോലെ പൂച്ച,മരപ്പട്ടി.. 2. ജയകുമാറിന്റെ മാനസിക വിഭ്രാന്തി...
3. ആ വീട്ടില്‍ നോ‍ട്ടമിട്ടിരിന്ന ഏതോ അയല്‍ വാസി.
എന്റെ മാനസിക വിഭ്രാന്തിയായിരുന്നെങ്കില്‍ പന്നേം എത്രയോ നാള്‍ ഞങ്ങള്‍ ഒരുമിച്ച് താമസിച്ചിരുന്നു. പൂച്ചയോ മറ്റോ ആണെങ്കില്‍ എന്റെ പുതപ്പെങ്ങനെ പറന്നു പോയി? ജയ കുമാറിന്റെ മാനസിക വിഭ്രാന്തിയാണെങ്കില്‍ അവന് ഒരു തരത്തിലും എത്തിപ്പിടിക്കാന്‍ കഴിയാത്ത് മുതുക് ഭാഗത്ത് എങ്ങിനെ മുറിവുണ്ടായി?. അയല്‍ക്കാരനാണെങ്കില്‍ അകത്ത് നിന്നും ജനലുകളും വാതിലുകളും അടച്ചുപൂട്ടിയ വീട്ടില്‍ അയാള്‍ക്കെങ്ങിനെ കയറാന്‍ കഴിയും.?
ബൂലോകരേ...കെട്ടു കഥയല്ല...ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ രാത്രിയിലെ അനുഭവങ്ങള്‍ക്ക് ഇപ്പോഴും യുക്തിക്ക് നിരക്കുന്ന ഒരു ഉത്തരം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. യുക്തിസഹമായ മറ്റെന്തെങ്കിലുംകാരണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ ദയവായി എഴുതുക...

അരവിന്ദ് :: aravind said...

സുഹൃത്തേ ഇങ്ങനെയുള്ളതൊന്നും പറയാന്‍ പാടില്ല..
മാനസികവിഭ്രാന്തി എന്നൊക്കെപ്പറഞ്ഞ് ആള്‍ക്കാര്‍ തള്ളിക്കളയും..സത്യത്തില്‍ എല്ലാവര്‍ക്കും പേടിയായിട്ടാണ്.
ഈശ്വരവിശ്വാസമോ, ഈശ്വരാനുഗ്രഹമോ ഉണ്ടായ വല്ല സംഭവുമാണെങ്കില്‍ എല്ലാവരും വിശ്വസിക്കുകയും ചെയ്യും.
ഇതൊരു ക‌മ്യൂണിറ്റി ബ്ലോഗ് ആക്കിയാല്‍ സമാന അനുഭവങ്ങളുള്ളവര്‍ എഴുതുമായിരുന്നു..എനിക്ക് ഭയങ്കര ഇഷ്ടാ ഇങ്ങനെത്തെ സംഭവങ്ങള്‍ കേള്‍ക്കാന്‍!
ഞാനും ഒരു അനുഭവം പറയാം. എപ്പോളാണ് എവിടെയാണ്, ആരാണ് കഥാപാത്രം എന്നൊന്നും വിശദീകരിക്കുന്നില്ല.
പ്രൊജെക്റ്റ് ചെയ്യാനുള്ള കാലത്തെ താമസത്തിന് എല്ലാവരും കൂടി എടുത്ത വീടായിരുന്നു അത്. അതിലൊരുവന് പ്രൊജക്റ്റിനിടയില്‍ സപ്ലീമെന്ററി പരീക്ഷ. മൂപ്പര്‍ എന്നും പാതിരാത്രിയും കുത്തിയിരുന്ന് പഠിത്തം. ബാക്കിയെല്ലാവരും തറയില്‍ നിണ്ട് നിവര്‍ന്ന് കിടന്നുറക്കം.
ഒരിക്കല്‍ ഇവന്‍ തന്നെ പാതിരാത്രി പഠിച്ചോണ്ടിരുന്നപ്പം പെട്ടെന്ന് ചെവിയില്‍ വന്ന് ആരോ പറയുമ്പോലെ
“എറങ്ങിപ്പോടാ വീട്ടീന്ന്”
തിരിഞ്ഞു നോക്കി ആരുമില്ല, വെറും തോന്നലാകും എന്നൊക്കെ കരുതി പിന്നേം ഇരുന്നു പഠിച്ചു. അപ്പോ ശരിക്കും ആരാണ്ട് ചെവിയില്‍ വന്ന് ഉറക്കെപ്പറയുമ്പോലെ
“എറങ്ങിപ്പോടാ പട്ടീ എന്റെ വീട്ടീന്ന്”
അതോടെ അവന്‍ ബാക്കിയെല്ലാവരേം വിളിച്ചുണര്‍ത്തി. പതിവുപോലെ ബാക്കിയെല്ലാവരും സംഭവം ചിരിച്ചുതള്ളി, അവനെ ക്രൂശിച്ചു. അവന്റെ ദേഹത്ത് പൊടിഞ്ഞിരുന്ന വിയര്‍പ്പ് കണ്ട് തെല്ലൊന്നമ്പരെന്നെങ്കിലും. പിന്നീട് ആ വീട്ടുടമസ്ഥനോടന്വേഷിച്ചപ്പോള്‍ അവിടെ, ആ വീട്ടില്‍ ഒരു കൊല്ലം മുന്‍പേ ഒരു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചെന്നു കണ്ടെത്തി.
ഏതായാലും അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ വൈ.എം.സി.എ യിലേക്ക് താമസം മാറ്റി.
പ്രേതമാണോ, തോന്നലാണോ...കേട്ടത് സത്യം എന്ന് അവന്‍ ഇന്നും ആണയിട്ട് പറയുന്നു.

വേറേം ഉണ്ട്. :-)

മുല്ലപ്പൂ said...

വായിച്ചപ്പോള്‍ ഓര്‍മ്മവന്ന ഒരുകാര്യം.

ഞങ്ങള്‍ ഒരു ട്രെയിനിങ്ങിനായി കാണ്‍പുര്‍ ഐ.ഐ.റ്റിയില്‍ എത്തിപ്പെട്ടു.
ട്രെയിനിങ്ങിന്റെ ബോര്‍ ഒഴിച്കാല്‍ , ബാക്കി താമസം ഭക്ഷണം എല്ലാം അടിപൊളി.

അങ്ങനെ, ഒരു ദിവസം ട്രെയിനിങ്ങു കഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റതു, ആകെ താറു മാറായി കിടന്ന മുറിയും. പിച്ചിചീന്തിയ ഭക്ഷണശകങ്ങളും, കടലസുകഷണങളും ആയിരുന്നു. മുറി ആണെങ്കില്‍ പൂട്ടീയ അതെ അവസ്ഥയിലും.(താക്കോല്‍ ഞങ്ങള്‍ തന്നെ സൂക്ഷിക്കരായിരുന്നു പതിവു)
ഞാനും സഹമുറിയത്തിയും ഇരുന്നും കിടന്നും ആലോചിച്ചു ഒരു തുമ്പും(നിലത്തു കിടന്ന കുറെ കടലാസു തുമ്പല്ലതെ) കിട്ടിയില്ല.

അടുത്ത ദിവസം ട്രെയിനിങ്ങു കഴിഞ്ഞു തിരിച്ചു പേടിചു മുറിയില്‍ എത്തിയ ഞങ്ങളെ എതിരേല്‍ക്കാന്‍ കക്ഷി അവിടെ തന്നെ ഉണ്ടായിരുന്നു.

നമ്മുടെ ഒക്കെ പൂര്‍വ്വികന്‍ തന്നെ കക്ഷി.
വാനര ജന്മം. ഗ്ലാസ് ജനാലകള്‍ തള്ളി മാറ്റി കര്‍ട്ടന്‍ ഉയര്‍ത്തി അവന്‍ സുഖമായി വെളിയിലെക്കു പോയി.

അങ്ങനെ അന്നു രാത്രി, ജയ് ഹനുമാന്‍ എന്നുപ്രാര്‍ഥിച്ചു , ഞാനും സഹമുറിയത്തിയും സുഖമായി ഉറങ്ങി

വിശ്വപ്രഭ viswaprabha said...

ഡെല്‍ഹി ലോദി കോളനിയുടെ അറ്റത്ത് (സ്കോപ്പ് കോമ്പ്ലെക്സിന്റേയും സ്റ്റേഡിയത്തിന്റേയും ഭാഗത്ത്) ഒരു മുറിയുടെ പരിസരത്ത് (LIG Type ആണെന്നുതോന്നുന്നു, ഓര്‍മ്മയില്ല) മുല്ലപ്പൂവിന്റെ(നമ്മുടെ മുല്ലപ്പൂവല്ല, സാക്ഷാല്‍ നറുമുല്ലപ്പൂ) വാസന കിട്ടിയിട്ടുള്ളവര്‍ ആരെങ്കിലുമുണ്ടോ ഇവിടെ?

വേര്‍ഡ് വെറി: waqtnght ! (രാത്രിനേരം!)

payyans said...

പേടിപ്പിക്കതെ അഞ്ചല്‍ക്കരാ..ഈ പയ്യനും ഇതുപോലൊരു വീട്ടില്‍ ആണു ഇപ്പൊള്‍ വാസം.അതും തന്നെ...!!!
എന്റ്റമ്മൊ....!!!!!!

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

ചുമ്മാ പേറ്റിടിപ്പിക്കാതെ.....വല്ലപൂച്ചയുമാവും..

കാട്ടിപ്പരുത്തി said...

അറിയാത്ത കാര്യങ്ങള്‍ ഇല്ലെന്നു പറയാന്‍ എളുപ്പമാണ്- പറഞ്ഞവനെ വിഡ്ഢി യാക്കുവാനും- അറിയില്ല എന്ന് പറയാന്‍ എല്ലാവര്‍ക്കും മടിയുമാണ്.
പിശാച് പ്രേതം - എല്ലാ നാട്ടിലും ഓരോ കഥകള്‍ ഉണ്ട്- ഉള്ളവയും ഇല്ലാത്തവയും

Mandoos said...
This comment has been removed by the author.
Unknown said...

ഇതുപോലെ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. ചിലരെ കാലില്‍ പിടിച്ചു വലിച്ചു റൂമിന്റെ വെളിയില്‍ ഇട്ടതായും, പിന്നെ ചിലരെ കട്ടിലില്‍ നിന്നും വലിച്ചു താഴെ ഇട്ടതായും ഒക്കെ. പിന്നെ ആത്മഹത്യ ചെയ്തവരെ നേരില്‍ കണ്ടവരും ഒക്കെ ഉണ്ട്. ഭ്രമം ആണോ എന്നറിയില്ല, പക്ഷെ പലരും explain ചെയ്യുമ്പോള്‍ അവിശ്വസിക്കാനും കഴിയുന്നില്ല. ഇതെല്ലം ചില അതീന്ദ്രിയ അനുഭവങ്ങള്‍ ആണ്, വിശ്വസിക്കാനും വിശദീകരിക്കാനും കഴിയില്ല.